Sunday, October 26, 2008

ചന്ദ്രയാന്‍ നീയൊരിന്ത്യയാന്‍

“അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്..........” അച്ഛന്റെ പഴയ ഫിലിപ്സ് റേഡിയൊയില്‍നിന്നും ആകാശവാണിയിലൂടെ പി.സുലോചനചേച്ചിയുടെ മധുരശബ്ദത്തിലുള്ള ഗാനം. തറവാടിന്റെ മുറ്റത്ത് അമ്മയുടെ മടിയില്‍ തലവച്ചു കൊണ്ട് ആപാട്ടുകേട്ട് ഞാന്‍ അങ്ങനെ കിടക്കും എന്റെ കുഞ്ഞ്മുടിയിഴകളില്‍ അമ്മയുടെ വിരലുകളിലൂടൊഴുകിയെത്തുന്ന നനുനനുത്ത സ്നേഹസ്പര്‍ശനം. കൂട്ടത്തില്‍ അമ്മപറയും “കുട്ടാ ദേ അങ്ങോട്ടു നോക്കിക്കേ അമ്പിളിഅമ്മാവന്‍ ദാ അവിടേ നിന്നേ നോക്കി ചിരിക്കുന്നു”.

ആകാശത്തിന് മീതേ കുളിര്‍മ്മയുള്ളപ്രകാശം തൂവിനില്‍ക്കുന്ന ആ പപ്പടവട്ടത്തെ നോക്കി നാലുവയസുകാരനായ ഞാന്‍ ചോദിക്കും “എപ്പഴാ അമ്മേ അമ്പിളിഅമ്മാവന്‍ നമ്മുടെ വീട്ടില്‍ വരിക”. അപ്പോള്‍ വീടിന്റെ മുറ്റത്ത് ചാരുകസേരയില്‍ കാല്‍നീട്ടിവച്ചുകൊണ്ട് കിട്ക്കുന്ന സയന്‍സ് അദ്ധ്യാപകനായ് അച്ഛന്‍ പറഞ്ഞതരും “കുട്ടാ അതിന്റെ പേരാണ് മൂണ്‍. നാം വസിക്കുന്ന ഈ ഭൂമിയുടെ ഉപഗ്രഹമായ ഒരുകൊച്ചുഗോളം. അതെങ്ങനാ ഇവിടേക്കു വരിക? അക്ഷരം വായിക്കാറായപ്പോള്‍, അഛന്‍ സൂക്ഷിച്ചു വച്ചിരുന്ന പഴയപേപ്പര്‍ കട്ടിങ്ങുകളില്‍ ഒന്നില്‍ ‘മനുഷ്യന്‍ ചന്ദ്രനില്‍ എന്ന തലക്കെട്ടോടു കൂടിയ വാര്‍ത്തവായിച്ച് ത്രില്ലടിച്ചു പോയ ആറുവയസുകാരന്‍. അതെ- 1969 ജുലൈ 20ന് നീല്‍ ആസ്റ്ററൊംഗ് എന്ന അമേരിക്കക്കാരന്‍ ചന്ദ്രനില്‍ കാലുകുത്തിക്കൊണ്ട് അന്നുപറഞ്ഞവാക്കുകള്‍ “ഇത് മാനവരാശിക്കു മുഴുവനും അഭിമാനിക്കാവുന്ന ഒരുകാല്‍ വെപ്പ് “ എന്നാണ്.

39 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ഇന്‍ഡ്യയുടെ യശസ് വാനോളമുയര്‍ത്തിക്കൊണ്ട് നമ്മുടെ ശാസ്ത്രജ്ഞര്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത നമ്മുടെയെല്ലാം അഭിമാനമായ ചന്ദ്രയാന്‍-1 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. 1380കിലോഗ്രാം ഭാരമുള്ള ഈ സാറ്റ്ലൈറ്റിനെ ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിലേക്കെത്തിക്കുന്ന ജോലി, കിലോമീറ്ററില്‍ 9.89 എന്ന വേഗത്തില്‍ ആകാശസീമകളെ മറികടന്നു കുതിച്ചു പായാന്‍ കെല്‍പ്പുള്ള പി.എസ്.എല്‍.വി-11 റോക്കറ്റിനാണ്. പിന്നിടങ്ങോട്ട് ചന്ദ്രയാന്റെ പ്രയാണം അതില്‍ സ്വയം ഉള്‍ക്കൊണ്ടിട്ടുള്ള ഇന്ധനത്തിന്റെ സഹായത്തൊടെയാവും.

ആദ്യമായി 10 എന്ന പ്രഥമ പ്രമണപഥത്തിലെത്തുന്ന ഈ ഉപഗ്രഹം താമസിയാതെ മറ്റ് പ്രമണപഥങ്ങളേയും കടന്ന് ഏറ്റവും ഉയരമേറിയ പഥത്തിലൂടെ ഉത്തരധ്രുവത്തിനടുത്തെത്തുകയും അപ്പോള്‍ഭുമിയേ വലംവയ്ക്കുന്ന ചന്ദ്രന് ഏകദേശം ശതകിലോമീറ്ററുകള്‍ക്ക് അടുത്തെത്തുകയും ചെയ്യും എന്ന് കണക്കുകൂട്ടുന്നു. ഇങ്ങനെ അകലം കുറച്ചു കുറച്ച് ചന്ദ്രയാന്‍ നവംബര്‍ 8ന് ചന്ദ്രന് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തിച്ചേരും.

ചന്ദ്രോപരിതലത്തിലെ ജലം. ധാതുക്കള്‍, ഹീലിയം-3 എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുകയെന്നുള്ളതാണ് ചന്ദ്രയാന്‍ ദൌത്യത്തിലെ നിര്‍ണായകമായ പരീക്ഷണം. ഊര്‍ജ് സ്രോതസായ ഹീലിയം-3 യുടെ വിപുലമായനിക്ഷേപം ചന്ദ്രനില്‍ ഉണ്ടെന്നു കരുതപ്പെടുന്നു. 1ടണ്‍ ഹീലിയം കൊണ്ടുമാത്രം അടുത്ത 40 വര്‍ഷത്തേക്ക് നമ്മുടെ ഇന്‍ഡ്യയെ മൊത്തമായി വൈദ്യുതീകരിക്കാന്‍ സാധിക്കും. അത്തരത്തില്‍ 2കോടി ടണ്‍ ഹീലിയം 3യുടെ നിക്ഷേപം ചന്ദ്രനില്‍ ഉണ്ടെന്നാണ്‍ കണക്കാക്കപ്പെടുന്നത്. പിന്നെ ചന്ദ്രന്റെ തണുത്തുറഞ്ഞ തറയില്‍ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയെന്നുള്ള മറ്റൊരു ദൌത്യവും ചന്ദ്രയാന്‍ നിറവേറ്റും.

2010ല്‍ റോബോട്ടിനേയും, 2020ല്‍ ഒരു ഇന്‍ഡ്യാക്കാരനേയും ചന്ദ്രനില്‍ ഇറക്കാനുള്ള പദ്ധതികള്‍ക്കു നാന്ദികുറിക്കാന്‍ I.S.R.O യുടെ നേത്രുത്വത്തിലുള്ള ഈ പര്യവേഷണങ്ങള്‍ക്ക് ഇടയാകട്ടെയെന്നു ആശിക്കുകയാണ്. ഏതുരീതിയിലായാലും ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണരംഗം ലോകത്തിന്റെ നെറുകയില്‍ത്തന്നെ സഥാനം പിടിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ശാസ്ത്രജ്ഞര്‍ക്കും, തൊഴിലാ‍ളികള്‍ക്കും ഈ എളിയ ഇന്‍ഡ്യക്കാരന്റെ പ്രണാമം.

Wednesday, October 15, 2008

അനാഥന്‍

ഇത് ഞാ‍ന്‍ വളരെ പണ്ടെഴുതിയ കുറേ വരികളാണ്. (കവിത എന്നു വിളിക്കാമോയെന്നു നിശ്ചയമില്ല). 1991 ലെ ജനുവരിയില്‍, നാട്ടിലെ പള്ളിയിലെ പെരുനാളിനോടനുബന്ധിച്ച് എന്റെ സുഹൃത്തുക്കള്‍ പുറത്തിറക്കിയ ഒരു സപ്ലിമെന്റില്‍ ഇത് പ്രസിദ്ധീകരിച്ചു വന്നിരുന്നു. അവരുടെ ആവശ്യപ്രകാരമാണ് ഒട്ടും വശമില്ലാതിരുന്ന ഈ “കടുംകൈയ്ക്ക്”“ ഞാന്‍ മുതിര്‍ന്നത്. ഇക്കഴിഞ്ഞ വെക്കേഷന് എന്റെ പൊടിപിടിച്ച പഴയ ഡയറിയുടെ താളുകള്‍ മറിക്കുമ്പോള്‍, മഷിമങ്ങിത്തുടങ്ങിയ എന്റെ സ്വന്തം കവിത ആരോരുമില്ലാത്ത ഒരനാഥയെപ്പോലെ ‘എന്നെക്കൂടിക്കൂട്ടില്ലേ നിന്റെയാത്രയില്‍‘ എന്നു മൂകമായി മന്ത്രിച്ചപോലെ തോന്നിയെനിക്ക്. പിന്നെ അവളെ ഉപേക്ഷിക്കാനായില്ല. കൂടെകൊണ്ടുപോന്നു-ഈ മരുഭൂമിയിലേക്ക്.

വഞ്ചനയുടെ പുറംചട്ടയ്ക്കുള്ളില്‍
പ്രണയവും കലഹവുമിണചേരുമ്പോള്‍
ഒരനാഥന്‍ കൂടി പിറവിയെടുക്കുന്നു.
അവന്‍- സ്വപ്നങ്ങളില്‍ നിറങ്ങളില്ലാത്തവന്‍
പ്രണയ യൌവ്വനങ്ങളുടെ അരുതായ്മയില്‍‍
ഒരക്ഷരത്തെറ്റുപോല്‍ ‍പിറവിയെടുത്തവന്‍‍

മാതൃത്വം മുലകളില്‍ കാളിന്ദി ചുരന്നപ്പോള്‍
കാപട്യമറിയാതെ അമ്മിഞ്ഞയുണ്ടവന്‍
‍ പൈതൃകത്തിന്നുറവിട-
മറിയാതെ തേടുമ്പോള്‍
നെഞ്ചില്‍ ഒരു കുടം കനല്‍ക്കട്ട നീറുന്നു.

താരാട്ടുപാട്ടിന്‍ സരിഗമയില്‍
കാലം ശ്രുതിപ്പിഴ ചേര്‍ത്തുവോ.

പാല്‍നിലാവിന്‍ കുളിര്‍മ്മയിലമ്മയേയും
സൂര്യതാപത്തിന്‍ ഉള്‍മുനയിലച്ഛനേയും
അറിയാ‍തെ ആശിക്കുന്നവന്‍
ആരെയും കാക്കുവാനില്ലാത്തവന്‍
കരുണയുടെ കണികപോലും കിട്ടാത്തവന്‍.

അറവുശാലയില്‍ അജീര്‍ണ്ണം ബാധിച്ചവന്റെ-
ആഘോഷത്തിനായ് മൃഗമാംസമൊരുക്കുമ്പോള്‍
‍ കുഴിഞ്ഞകണ്ണുകളില്‍ പശിയുടെ താണ്ഡവം പേറി
തെരുവോരങ്ങളില്‍ ആയിരം കുഞ്ഞുങ്ങളലറിക്കരയുന്നു
“ഞങ്ങള്‍ അനാഥര്‍“.

Sunday, October 5, 2008

കൊണ്ടോട്ടി മൂസയും, ചാന്ദ്ബഹാദൂറും, പിന്നെ ഞാനും

ഖദീജയുടെ കത്ത്
പ്രതിക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് മൂന്നുമാസം കഴിഞ്ഞിട്ടും ജോലികളൊന്നും ലഭിക്കാതെ വന്നപ്പോളാണ് ഇനി കളമൊന്ന് മാറ്റിച്ചവിട്ടി, നാട്ടില്‍ വച്ച് പകുതി വഴിയില്‍ ഉപേക്ഷിച്ച ഡ്രൈവിങ്ങ് ഒന്നുകൂടിയൊന്ന് പൊടിതട്ടിയെടുത്താലോ എന്ന ചിന്ത മനസ്സില്‍ കയറിയത്. അതു വഴി ഒരു ഡ്രൈവര്‍ ജോലിയെങ്കിലും തരപ്പെട്ടാലോ. വല്യമ്മായിയുടെ മകന്‍ റിയാദില്‍ നിന്നും 400K.M അകലെ തമിം എന്ന സ്ഥലത്ത് ഒരു ബേക്കറിയില്‍ വാന്‍ ഡ്രൈവറായി ജോലിനോക്കുന്ന വാസുവേട്ടന്‍ സഹായിക്കാമെന്നേറ്റു. അങ്ങനെ കരുണേട്ടന്റെ അനുവാദത്തോടുകൂടി താല്‍ക്കാലികമായി ഞാന്‍ റിയാദിനോടു വിടപറഞ്ഞു.

സൌദി ട്രാന്‍‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ തമീമിലെത്തുമ്പോള്‍ നേരം വൈകാറയിരുന്നു. അവിടെ വാസുവേട്ടന്‍ വണ്ടിയുമായി കാത്തുനില്‍ക്കുന്നു. പെട്ടന്ന് നാട്ടിന്‍പുറത്തെവിടെയോ ചെന്നെത്തിയ പ്രതീതി! മലകളും, കൃഷിയിടങ്ങളും, ഈന്തപ്പനത്തോട്ടങ്ങളും ,ഒട്ടകക്കൂട്ടങ്ങളുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായ പ്രകൃതി. ഇത് സൌദിഅറേബ്യ തന്നെയോ?!! സംശയം തോന്നിപ്പോയി. ബേക്കറിയുടെ മുകളിലത്തെ നിലയിലുള്ള ചെറിയ ഏഴെട്ടു മുറികളിലായ് കുറെ ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നു. ശരിക്കും ഒരു ലേബര്‍ ക്യാമ്പ്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൌകര്യങ്ങള്‍ നന്നെ കുറവ്, ട്രെയിനിലെ ബര്‍ത്ത് പോലെ മുകളിലേക്കടുക്കിയ കുറേ കട്ടിലുകളും, ആഗസ്റ്റ്മാസത്തിലെ കടുത്തചൂടില്‍ പോലും “ഞങ്ങള്‍ക്കിതൊന്നുമൊരു പ്രശ്നമേയല്ല” എന്നമട്ടില്‍ പണിമുടക്കിലിരിക്കുന്ന പഴഞ്ചന്‍ എയര്‍കണ്ടിഷണറുകളും, “മാനസമൈനയും മാണിക്യവീണയും“ മാറി മാറി പാടിയാല്‍ മാത്രം മറ്റുള്ളവന്റെ ശല്യമില്ലാതെ മന:സമാധനത്തോടൊന്ന് “കാര്യംസാധിക്കാന്‍” കഴിയുന്ന കുറ്റിയും കൊളുത്തുമില്ലാത്ത ശൌച്യാലയങ്ങളും ഒക്കെയായി ഗള്‍ഫിന്റെ മറ്റൊരു മുഖം കാണുകയായിരുന്നു ഞാനവിടെ! മിക്ക ആളുകളും കിടപ്പാടം പോലും പണയപ്പെടുത്തി വന്നവര്‍. രണ്ടും മൂന്നും മാ‍സത്തെ ശമ്പളം കുടിശ്ശികയായിട്ടുള്ളവര്‍. ജീവിതത്തിലെ എല്ലാ സ്വകാര്യതയും നഷ്ടപ്പെട്ട് , ആരോടും ഒരു പരാതി പറയാനില്ലാത്ത കുറേ മനുഷ്യ ജന്മങ്ങള്‍. അങ്ങനെ താല്‍ക്കാലികമായി ഞാനും അവരിലൊരാളായി മാറി.ഗള്‍ഫ് കാരന്‍ “യഥാര്‍ത്ഥ ഗള്‍ഫുകാരനാവുന്നത്”അവന്‍ നാട്ടിലെത്തുമ്പോള്‍ മാത്രമാണല്ലോ). അവിടെ വച്ചാണ് ഞാ‍ന്‍ കൊണ്ടോട്ടിക്കാരനായ മൂസയെ പരിചയപ്പെടുന്നത്. കേരളാ സര്‍ക്കാര്‍ സമ്പൂര്‍ണ്ണസാക്ഷരത പ്രഖ്യാപിക്കുന്നതിന് മുന്‍പേ നാടുവിട്ട നിരക്ഷരനായ് ഒരു ചങ്ങാതി. വെളുത്തു മെല്ലിച്ച ഒരു നിഷ്കളങ്ക രൂപം. ബേക്കറിയിലെ പ്രൊഫഷണല്‍ റൊട്ടി മേക്കര്‍. ഇനി ചാന്ദ് ബഹാദുര്‍ ആരെന്നല്ലേ? നമ്മുടെ അയല്‍ രാജ്യമായ് നേപ്പാളിലെ ഒരു ഗൂര്‍ഖാ വംശജന്‍. അതേ ബേക്കറിയിലെ ഡ്രൈവര്‍ കം തൊഴിലാളി. ഒഴിവുസമയങ്ങളിലെല്ലാം തന്റെ ക്യാരംസ് ബോര്‍ഡിനുമുന്‍പില്‍ മറ്റെല്ലാം മറന്ന് കളിയില്‍ മാത്രം മുഴുകുന്നവന്‍.

അങ്ങനെ താമസിയാതെ ഞാനും, മൂസയും, ചാന്ദ്ബാഹാദുറും ബഡാ ദോസ്തുകളായി മാറിയെന്നു പറഞ്ഞാല്‍ മതീല്ലൊ. രാത്രി സമയങ്ങളില്‍ വാസുവേട്ടനോടൊപ്പം ഡ്രൈവിങ്ങ് പരിശീലനം, പകല്‍, നൈറ്റ്ഷിഫ്റ്റ് ജോലിക്കാരായ മൂസക്കും, ബഹാദൂറിനുമൊപ്പം പലവക നേരം പോക്കുകളുമായി അങ്ങനെ ദിവസങ്ങള്‍, ആഴ്ചകള്‍ക്ക് വഴിമാറിയ ഒരുദിവസം പൊടുന്നനെ മൂസാ എന്നൊടൊരു ആവിശ്യം ഉന്നയിച്ചു

‘ഭായീ നിങ്ങള് ഞമ്മങ്ങക്കൊരു സഹായം ചെയ്തു തരുമൊ..?

ഈശ്വരാ പഹയന്‍ വല്ല കായിന്റെ കാര്യമാണൊ പറഞ്ഞുവരുന്നത്-?? കരുണേട്ടന്‍ ചിലവിനായി തന്നുവിട്ട 200 റിയാല്‍ ഇപ്പോള്‍ തന്നെ ചില്ലറകളായി പോക്കറ്റില്‍ കിടന്നു കനംവച്ച് തുടങ്ങി. മനസില്‍ ഇങ്ങനൊക്കെ ചിന്തിച്ച് കൊണ്ട് ഞാന്‍ ഒന്നുപരുങ്ങി.

“ഞമ്മടെ ബീവിക്കൊരു കത്തെയുതി തരാന്‍പറ്റുമോ ഇങ്ങക്ക്..?

“ഓളുടേ മൂന്നാല് കത്തുകളിവിടെവന്നിരിപ്പായിട്ട് കുറെ നാളായീന്നേ. ഓളെന്നും ബയക്കാണ് ഞമ്മളിപ്പം കത്തെയുതണില്ലാന്ന് പറഞ്ഞ്.. ഓള്‍ക്കറിയണൊ ഞമ്മടെ ബെസമം”.

സംഗതികളുടെ കിടപ്പുവശം ഇപ്പൊള്‍ ഏകദേശം വ്യക്തമായിവരുന്നു. സ്ഥലത്തെ പ്രധാന വെണ്ടറും, ( കത്തെഴുത്തിന്റെയാണെയ്) മലയാള അക്ഷരങ്ങളെ വലിയ പരുക്കുകള്‍ ഏല്‍പ്പിക്കാതെ, കത്തെഴുത്തെന്ന തന്റെ കലയെ ഒരു സേവനമാക്കി, നാട്ടില്‍നിന്നും വരുന്ന കത്തുകള്‍ വായിച്ച് കേള്‍പ്പിച്ചും, അതിന് ആവശ്യമായി വേണ്ട എല്ലാ ചേരുവകളുംചേര്‍ത്ത് മറുപടി തയ്യാറക്കി കൊടുത്തും ആ പ്രദേശത്തെ മൂസായുള്‍പ്പടെയുള്ള അക്ഷരമറിയാത്ത മുഴുവന്‍ ഭര്‍ത്താക്കന്‍മാരുടേയും ഏക ആശ്രയവുമായിരുന്ന ബൂഫിയാ ബാബുവേട്ടന്‍ എന്ന പരോപകാരി 6 മാസത്തെ വെക്കേഷനായി നാട്ടില്‍ പോയിട്ട് നാലുമാസം കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും അവിടെയൊരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്!! ആരു വായിക്കും?? ആരെഴുതും??അങ്ങനെ കണ്ണില്‍കണ്ട എല്ലാ “ലവന്മാരേയും” കൊണ്ട്‌ ചെയ്യിക്കാന്‍ പറ്റിയ പണിയാണോ ഇത്? “ഫാമിലീ സീക്രട്ട്” മൊത്തമായും ചില്ലറയായും വെളിയിലായിപ്പോകില്ലേ?.

എന്നിലെ പരോപകാരി സടകുടഞ്ഞെഴുനേറ്റു. ‘കാറ്റ്പോയിട്ട് നാളുകളേറെയായിട്ടും ഇന്നുവരെ കറിച്ചട്ടിയില്‍ ഒന്നുകയറിപ്പറ്റാന്‍ ഭാഗ്യമില്ലാതെ മാസങ്ങളോളം ദല്ലാരിയെന്ന(ഫ്രീസര്‍) മഞ്ഞുപെട്ടിയിലിരുന്ന് വീര്‍പ്പുമുട്ടി ‘മേരാ നമ്പര്‍ കബ് ആയേഗാ’ എന്നു വിളിച്ച് കസ്റ്റ്മേഴ്സിനെ കാത്തിരിക്കുന്ന ബ്രോയിലര്‍ ചിക്കനെപ്പോലെ, മുറികളിലെ ഇരുമ്പുപെട്ടികളില്‍ എസിയുടെ തണുപ്പടിച്ച് വിറച്ച് വിറങ്ങലിച്ച് ഇനിയും വെളിച്ചം കാണാതെ ബാബുവേട്ടന്റെ വരവും കാത്തിരിക്കുന്ന അനേകം നിര്‍ഭാഗ്യവാന്മാരായ അക്ഷരക്കൂട്ടങ്ങളുടെ അവസ്ഥയെ ഞാന്‍ ഓര്‍ത്തു. അതിനുപിന്നില്‍ പ്രവര്‍ത്തിച്ച അനേകം വളയിട്ട കൈകളുടെ പ്രയത്നത്തെ ഞാന്‍ ഓര്‍ത്തു. വിശാലഹ്രുദയനായ ബാബുവേട്ടന്‍ എന്ന ഒറ്റ വ്യക്തിയുടെ അഭാവം മൂലം അക്ഷരമറിയാത്ത ഒരു ഭര്‍ത്താവുപോലും തന്റെ പ്രീയപ്പെട്ടവരുടെ കൈപ്പടകളുമായി ഇനി കാത്തിരുന്നു കൂടാ.


“പരോപകാര്യമേ പുണ്യം..പ്രതിഫലം പ്രശ്നമല്ല”. മൂസയില്‍ത്തന്നെ തുടങ്ങാം.

അങ്ങനെ സൌദിഅറേബ്യയില്‍ ആദ്യമായിഒരു“ ജോലി “ലഭിച്ചിരിക്കുന്നു.


മുപ്പത്തിമുക്കോടി ദൈവങ്ങളേ നന്ദി.

ആവശ്യമറീച്ചപ്പോള്‍ “ദക്ഷിണവെയ്ക്കാനല്ല പറഞ്ഞത്. പകരം“കത്തുകള്‍ കൊണ്ടുവരൂ...”


“ഇന്നാ.“ കൈയ്യില്‍ മൂന്ന് നാലു പിടക്കുന്ന കത്തുകളുമായി മൂസാ റെഡി. മുഖത്തു പതിവില്ലാത്തൊരു കള്ളനാണം- പുത്യാപ്പെളേപ്പോലെ. കത്തുപൊട്ടിക്കുമ്പൊള്‍ എന്റെ കൈകളൊന്നു വിറച്ചു. ഞാനാണെങ്കില്‍ ആദ്യമായിട്ടാണ് ഒരു “ഭാര്യയുടെ കത്ത്” വായിക്കുന്നത്” അതും സ്വന്തം ഭര്‍ത്താവിനുള്ളത്,

ഒരു അതിരുകവിഞ്ഞ “ ആകാംക്ഷ” എന്നില്‍ ഉടലെടുത്തു. ഛായ്... ലജ്ജാവഹം. തൊട്ടടുത്ത് ഭാര്യയുടെ സ്നേഹാക്ഷരങ്ങള്‍ക്കായ് കാതോര്‍ത്തുകൊണ്ട് ക്ഷമ നശിച്ച മൂസയും.


“പെട്ടന്നൊന്നു ബായിക്കൂന്നെ- കേള്‍ക്കാന്‍ കൊതിയാവണ് ഞമ്മക്ക് “. ഞാന്‍ വായന ആരംഭിച്ചു.


“എന്റെ ഖല്‍ബിന്റെ മുത്തായ, മുത്തിന്റെ കരളായ പൊന്നുമൂസാക്കാ വായിച്ചറിയാന്‍ ഇങ്ങടെ സ്വന്തം കെട്ടിയൊളായ് ഖദീജ എഴുതുന്നത്.“

“എത്ര കത്ത് ഞമ്മളയച്ചു ഒന്നിനും മറുപടിയില്ലല്ലൊ?
ഞമ്മളെന്തു തെറ്റാണ് ഇങ്ങളോടൂ ശെയ്തത്.
പണ്ടത്തേമാതിരി ഇങ്ങക്കൊരു സ്നേഹോമ്മില്ലിപ്പോള്‍. ഞമ്മക്ക് എല്ലാം മനസ്സിലാവുന്നുണ്ട്.
ലാസ്റ്റ് ബെക്കേസന് മയ്യത്തിങ്കര പള്ളിയിലെ ചന്ദനക്കുടത്തിന് ഇങ്ങടെ പഴയ ലോഹ്യക്കാരി ആയിശേനെക്കണ്ടതിനു ശേശമാ ഇങ്ങടെയീ എളക്കവും സൂക്കേടുമെന്നു ഞമ്മക്ക് നല്ലപോലെ അറിയാം പച്ചേങ്കി ഇങ്ങളോര്‍ത്തോളീന്‍, അള്ളാണെ ന്റെ മയ്യത്ത് പള്ളിക്കാട്ടിലേക്കെടുക്കാതെ ഇങ്ങടെപൂതി നടക്കാന്‍ പോണില്ല..... ഹറാം പെറന്ന പണികാണിച്ചാ ന്റെ മയ്യത്ത് ഞാന്‍ തീറ്റിയ്ക്കും....“

@$$^%#$##@##@@....................@@$(@#%&#“ ബീവികത്തിക്കയറുകയാണ്.

ഒരു രണ്ടരപ്പേജ്.........!!!!!!!ഈശ്വരാ .. പെണ്ണെന്ന കുന്ത്രാണ്ടം!!!!!!! പാവം മൂസയുടെ വിധി!!


ഇങ്ങനൊക്കെ മനസ്സിലോര്‍ത്തുകൊണ്ട് ഞാന്‍ ഒളികണ്ണിട്ട് മൂസയുടെ മുഖത്തേക്കൊന്നുനോക്കി. ഏതോ കണ്ടുമറന്ന ഒരു മലയാള സിനിമയില്‍ ജഗതിയണ്ണന്‍ കാച്ചിയതുപോലെ” പശു ചാണകമിടും“ പോലത്തെയൊരു മുഖഭാവം!!. ബീവിയുടെ പ്രണയലേഖനത്തിലെ പരാമര്‍ശനങ്ങളുടെ “മധുരാധിക്യം“മൂലം കുളിരുകോരീട്ടാവാം ഇടയ്ക്കിടയ്ക്ക് ‘നായിന്റെമോക്കു പിരാന്താണ്” എന്ന് പിറുപിറുക്കുന്നുമുണ്ട്. “ ഓളുടെ സംശയപിരാന്ത് മാറാതെ ഒരു മറുപടിയും ഞമ്മളെഴുതൂല്ലാ” - അന്ത്യശാസനം എനിക്ക് നല്‍കിക്കൊണ്ട് മൂസ അവിടെനിന്നം എഴുന്നേറ്റു. ഇനിയൊരു മറുപടിയ്ക്ക് സ്കോപ്പില്ലാത്തതിനാലും, എന്റെ ആദ്യസംരംഭംതന്നെ ഫ്ലോപ്പായതിന്റെ നൊമ്പരത്തില്‍ ഞാനും.


വാല്‍ക്കഷണം.
മോബൈല്‍ ഫോണിന്റെ കടന്നുകയറ്റം ഇന്ന് ഗള്‍ഫ് മലയാളികളുടെയിടയില്‍ കത്തെഴുത്തിന്റെ പ്രസക്തി നന്നേ കുറച്ചിരിക്കുന്നു. എങ്കിലും നമ്മുടെ കൊച്ചു കേരളം സമ്പൂര്‍ണ്ണസാക്ഷരത പ്രഖാപിച്ചിട്ട് നാളുകളേറയായെങ്കിലും, ഇന്നും മലയാള അക്ഷരങ്ങള്‍ ഒന്നുകൂട്ടിവായിക്കുവാനോ, എഴുതുവാനോ സധിക്കാതെ തന്റെ സ്വകാര്യ സന്തോഷങ്ങളെ പരസ്യമാക്കാന്‍ വിധിക്കപ്പെട്ട അനേകം പ്രവാസി സുഹ്രുത്തുക്കളെ പരിചയപ്പെട്ടിട്ടുണ്ട് ഞാന്‍. കൂട്ടുകാരന്റെ സുന്ദരിയായ് ഭാര്യയുടെ കത്തുകള്‍, വായിച്ച് കേള്‍പ്പിച്ച് അവയ്ക്ക് “തേനൂറുന്ന മറുപടി“ എഴതിയെഴുതി അവസാനം അവളെത്തന്നെ കടത്തിക്കൊണ്ടുപോയ “മിടുമിടുക്കന്മാരും” ഈ പ്രവാസലോകത്തുണ്ടായിട്ടുണ്ട് എന്ന സത്യംകൂടി ഇവിടെ പങ്കുവയ്ക്കട്ടെ.

വീണ്ടും കാണാം.