Wednesday, September 24, 2008

കെട്ടുമുറുക്ക്

പ്രവാ‍സിയുടെ കുപ്പായം എടുത്തണിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെയായി.

അന്ന് ജുണിലെ ഒരു മഴയുള്ള രാത്രിയില്‍ ഏറെ പ്രതീക്ഷയുമായി തിരുഅനന്ദപുരിയില്‍ നിന്നും, നമ്മുടെ ദേശീയവാഹനമായ എയര്‍ ഇന്ത്യയുടെ ഒരു ചക്കടാവണ്ടിയില്‍ സൌദിഅറേബ്യയുടെ തലസ്താനമായ റിയാദിലേക്കു ആദ്യമായി യാത്ര ചെയ്യുമ്പോള്‍, കൈയ്യില്‍ ആകെയുണ്ടായിരുന്നത് കുറേവസ്ത്രങ്ങളും ‍, അക്കാഡമിക്ക് യോഗ്യതയായി എം. എ മലായാളത്തിലെ ഒരു രണ്ടാംക്ലാസ്സു സര്‍ട്ടിഫിക്കറ്റും, അല്‍പ്പം കമ്പ്യുട്ടര്‍ പരിജ്ഞാനവും മാത്രം!

വേനല്‍ മഴപോലെ, വല്ലപ്പോഴും മാത്രം നമ്മുടെ കേരള സര്‍ക്കാര്‍ കനിഞ്ഞു നല്‍കുന്ന തൊഴിലില്ലായ്മ വേതനവും കൈപ്പറ്റി , കണ്ണില്‍കണ്ട പി.എസ്.സി പരീക്ഷകളിലെല്ലാം തുടര്‍ച്ചയായി പരാജയവും ഏറ്റുവാങ്ങി, നാട്ടിലെ അറിയപ്പെടുന്ന സമാന്തരവിദ്യാഭ്യാസ സ്ഥാപനമായ, കെ.കെ. കുമാരന്‍‌ ‍മാഷിന്റെ ശങ്കേഴ്സ് കോളേജിലെ പ്രധാന ഭാഷാ‍അധ്യാപകനായി വിലസുന്ന കാലം. സമയത്തിന് മാത്രം യാതൊരു പഞ്ഞവുമില്ലാതിരുന്നതിനാല്‍- കൂട്ടത്തില്‍ അല്‍പ്പം സംഗീതവും, സാഹിത്യവും മേമ്പൊടിക്ക് ഇത്തിരി രാഷ്ട്രിയവും ഒക്കെ കൂട്ടികലര്‍ത്തി കൂട്ടുകാരുടെയും, എന്റെ വിദ്യാര്‍ത്ഥികളുടേയും ഇടയില്‍ ആകെയൊരു “താരപരിവേഷവും“, നാട്ടില്‍ അറിയപ്പെടൂന്ന ഒരു റിട്ടയര്‍ഡ് സ്കൂള്‍ മാഷായ അച്ഛന്റെ അന്തസ്സിനു കളങ്കം വരുത്തിവക്കാമായിരുന്ന അല്‍പ്പസ്വല്‍പ്പം “പ്രായത്തിന്റെ കുസൃതികളുമൊക്കെയായി“ ഈയുള്ളവന്‍ കഴിഞ്ഞുപോരുന്ന കാലത്ത് - “ഇങ്ങനെയൊക്കെയങ്ങ് കഴിഞ്ഞുകൂടിയാല്‍ മതിയോ കുട്ടാ.“ എന്നുള്ള നാട്ടുകാരുടെ തുടര്‍ച്ചയായ “സ്നേഹാന്വേഷണങ്ങളും”, “അവന്റെ ഒരു എം.എ യും, പാപ്പീരും“ ഇവനെ മാത്രമേ -നിനക്കു പ്രേമിക്കാന്‍ കിട്ടിയുള്ളോ...?“എന്ന പ്രണയിനിയുടെ അമ്മയുടെ മുള്ളുവച്ച ചോദ്യങ്ങളും, “എങ്ങനെയെങ്കിലും പോയി ഒന്നു രക്ഷപെടൂ ചേട്ടാ, അല്ലെങ്കില്‍ മറ്റാരെങ്കിലും എന്നെ പതിച്ചോണ്ട് പോകും“ എന്നുള്ള കാമുകീവിലാപവും, വീട്ടില്‍ പതിവായി എനിക്കുവേണ്ടി കൂടാറുണ്ടായിരുന്ന ഒരു “അഡ്വൈസറി കമ്മറ്റിയുടെ“ അവസാന എപ്പിസോഡില്‍‍, പ്രസിദ്ധമായ “ഓച്ചിറക്കാളയെ” എന്റെപേരിനൊടുപമിച്ചുകൊണ്ട് ഒരിക്കല്‍ അച്ഛന്‍‌ നടത്തിയ ഒരു പരസ്യപ്രസ്താവനയില്‍ മനംനൊന്ത് “എന്റെ കണ്ണടയുന്നതിനുമുന്‍പെങ്കിലും ഒന്നുനന്നാവുമോ നീയ്.“ എന്ന് പെറ്റമ്മയുടെ കണ്ണിലെ ദൈന്യതനിറഞ്ഞ നോട്ടത്തോടുകൂടിയ ചോദ്യവും- എല്ലാംകൂടി എങ്ങനെയെങ്കിലും നാടുവിടണം എന്നുള്ള ചിന്ത എന്നില്‍ അനുദിനം വളര്‍ന്നുകൊണ്ടേയിരുന്നു.

അവസാ‍നം വേഴാമ്പല്‍ കാത്തിരുന്ന മഴ പോലെ റിയാദില്‍ നിന്നും കരുണേട്ടന്റെ വിളിവന്നു. “നിനക്ക് വേണ്ടിയൊരു വിസാ ഞാന്‍ വാങ്ങിച്ചിട്ടുണ്ട്. ഇങ്ങുവന്നിട്ടൊരു ജോലി കണ്ടെത്തണം. എത്രയും പെട്ടന്ന് കയറിവരാന്‍ നോക്കുക”. കരുണേട്ടന്‍ എന്നാല്‍ സ്വന്തം ഏട്ടന്‍. പഠിക്കുന്നകാലത്ത് സ്കൂളിലെ ഒന്നാമനും, സല്‍സ്വഭാവിയുരുന്ന കരുണ്‍.ജെ. പിള്ള എന്ന ഏട്ടന്‍ എനിക്കെന്നും ഒരു “ഭീഷിണിയായിരുന്നു“!! കാരണം , പഠിപ്പിലും, സ്വഭാവത്തിലും ഏട്ടന്റെ നേര്‍വിപരീതമായിരുന്ന ഞാന്‍ -അദ്ദേഹത്തോട് ഉപമിക്കപ്പെട്ട്, സാറുമ്മാരില്‍ നിന്നും വാങ്ങിക്കൂട്ടിയ തല്ലിനും“സല്‍പ്പേരിനും” യാതൊരു കൈയ്യും കണക്കുമുണ്ടായിരുന്നില്ല.!! സ്കൂളിലെ ഒരു വിനോദയാത്രയുടെ തലേരാത്രിയില്‍, സമീപത്തെ കണ്ടത്തില്‍നിന്നും പിടികൂടി തല്ലിക്കൊന്ന ഒരുവമ്പന്‍ പുളവനെ, വെറുതേ ഒരു തമാശയുടെ പേരില്‍ സ്കൂ‍ളിലെ കൊടിമരത്തില്‍ കെട്ടിത്തുക്കിയ എന്നെ കൈയ്യോടെപിടികൂടിയ ശിക്ഷിച്ച സ്കൂളിലെ പ്രധാന അധ്യാപകനും, “തിരന്ദ്വോരം” സ്വദേശിയുമായിരുന്ന സി.ജെ. കുട്ടപ്പന്‍ സാറ് " നീ യെന്ത്‌ര് കാട്ടീത്.. ആടുകിടക്കുന്നിടത്ത് ഒര് പൂടയെങ്കിലും കാണെണ്ടേടെയ്”?ആ പയ്യനെ കണ്ട് പടിക്കടേയ്.. എന്ന് “തിര്വന്ദരം” സ്റ്റൈലില്‍ ചോദിച്ച് , ഏട്ടന്റെയും കൂട്ടുകാരുടേയും മുന്നില്‍ വച്ച് എന്നെ ഒന്നു “ആക്കിയപ്പോളും, എന്നെ ചുമ്മാ തല്ലണ്ടാ സാറെ. ഞാന്‍ നന്നാവില്ല എന്നമട്ടില്‍ ഞാനും ഒന്നു തിരിഞ്ഞു നിന്നു. കരുണേട്ടനെക്കുറിച്ചെഴുതി ഞാന്‍ കാടുകയറിയോ? ശരി. ഇനി തിരിച്ച് വരാം. എന്തായാലും തീരുമാനിച്ചു പ്രവാസിയാവുക തന്നെ. അങ്ങനെ കരുണേട്ടന്റെ കരുണയില്‍ ഞാനും ഒരു എന്‍. ആര്‍. ഐ ആയി .

ബത്തയിലുള്ള ഒരിടത്തരം ഫ്ലാറ്റില്‍ കരുണേട്ടന്റെയും കുടുംബത്തൊടുമൊപ്പം താമസം. ഒരുമാസത്തേ റെസിഡന്റ് പെര്‍മിറ്റിനുള്ള കാത്തിരിപ്പിനു ശേഷം, ഒരു ജോലിക്കായി പല കമ്പനികളിലായി കയറിയിറങ്ങിയ നാളുകള്‍.നിരാശയില്‍ മുങ്ങിയ ദിനരാത്രങ്ങള്‍. നാട്ടിലേക്കു തന്നെതിരിച്ച് പോയാലൊ എന്നുകരുതിയ ഒട്ടേറെ നിമിഷങ്ങള്‍. പക്ഷെ എങ്ങനെ???? ആരേയുംനിരാശപ്പെടുത്താന്‍ വയ്യാ. തങ്ങളുടെ മകന്‍ നല്ലനിലയില്‍തിരിച്ച് വരുന്നത് കാണാന്‍ പ്രാര്‍തഥനയോട് കാത്തിരിക്കുന്ന സ്നേഹനിധിയായ ഒരു അച്ഛനും, അമ്മയും. കരുണേട്ടനോടും കുടുംബത്തോടുള്ള തീരാകടപ്പാട്, പിന്നെ അങ്ങനെ പലതും.

ഒരിക്കല്‍ തൊഴില്‍ നേടാനായുള്ള ഒരു കൂടിക്കാഴ്ചക്കിടയില്‍ എന്റെ മലയാളം ബിരുദ സര്‍ട്ടിഫിക്കറ്റിലേക്കു നോക്കി വണ്ടറടിച്ച് “ What is this Kerala culture? Is it any trade??" എന്നു ചോദിച്ച ഒരു കമ്പനി മാനേജര്‍ സായിപ്പിനു മുന്‍പില്‍, അറിയാവുന്ന ഇംഗ്ലിഷ് പരിജ്ഞാനത്തിന്റെ അവസാന ആണിയും ഇളകിയാടി. സര്‍...."This was a....this is a.... type of ... kind of our ....#@@$ .... "എന്നൊക്കെ മൊഴിഞ്ഞ് വാക്കുകള്‍ കിട്ടാതെ വിളറി വെളുത്തു പോയ എന്റെ മുഖത്തേ ചമ്മല്‍ കണ്ടിട്ടാവും അയാള്‍ പറഞ്ഞു. It's alright ...we will inform you. എന്താണെന്നറിയില്ല. ആ ജോലിപിന്നെ കിട്ടിയില്ല!!

നീണ്ട ആറുവര്‍ഷങ്ങള്‍. അറബിപ്പൊന്നിന്റെ നാട്ടില്‍ നിന്ന് ഇന്ന് പുറകോട്ടു തിരിഞ്ഞ് നോക്കുമ്പോള്‍ നേടിയതൊരുപാട്. നഷ്ടമായത് അതിലേറെ, എന്റെ നാടിന്റെ നന്മ, സുകൃതം ,സ്നേഹം എല്ലാമെല്ലാം.

“കഴിഞ്ഞനാളിലെ വഴിയില്‍,
കൊഴിഞ്ഞപീലികള്‍ പെറുക്കി
മിനുക്കുവാന്‍, തലോടുവാന്‍
മനസ്സിലെന്തൊരു മോഹം
അതിലെത്ര സുന്ദരലിപികള്‍,
എത്ര നൊമ്പരകൃതികള്‍”. അല്ലേ?

അനുഭവങ്ങള്‍ അവസാനിക്കുന്നില്ല. ഒരുപാടുപറയാനുണ്ട് ഇനിയും.

Tuesday, September 9, 2008

എന്റെ രാധ

ഒരു മഴക്കാലത്തിനപ്പുറം കാല്‍പ്പാടുകളൊന്നും ശേഷിക്കില്ലെങ്കിലും, മനസ്സിന്റെ കോണിലെവിടെയോ രാധയെ ഞാന്‍ ഓര്‍ക്കുന്നു. ബാല്യത്തിന്റെ കുസൃതികള്‍ കൌമാരത്തിന്റെ കുതൂഹലങ്ങളിലേക്ക് വഴിമാറി ഒഴുകിയപ്പോഴും ഞങ്ങള്‍ ഒന്നായിരുന്നു. രാധ എന്നെഴുതിയപ്പോള്‍ തെറ്റിദ്ധരിച്ചോ? അതെ എന്റെ രാധ. ബാല്യകാല സഖിയല്ല, ബാല്യകാല സുഹൃത്ത് രാധാകൃഷ്ണന്‍‍.

കല്യാണം കഴിഞ്ഞ ചേച്ചിമാര്‍ മാത്രം എന്തു കൊണ്ടു പ്രസവിക്കുന്നു എന്ന അന്നത്തെ എന്റെ എറ്റവും വലിയ ജിജ്ഞാസയുടെ മറുപടിയായി “പ്രജനനം” എന്ന വലിയ സിദ്ധാന്തത്തിന്റെ “Techinique"ആദ്യമായി എനിക്കു പറഞ്ഞു തന്ന എന്റെ ആദ്യത്തെ ബയോളജി അദ്ധ്യാപകന്‍. കാരാണിപുഞ്ചയില്‍ വിതനെല്ല് തിന്നാനെത്തുന്ന കിളികളെയോടിക്കാന്‍ എന്നൊടൊപ്പം പടക്കവും, പാട്ടയുമായ് പകലന്തിയൊളം കൂട്ടിരുന്ന ചങ്ങാതി.

മാനംമുട്ടെ വ‍ളര്‍ന്ന എതു മരത്തിലും, ജങ്കിള്‍ ബുക്കിലെ നായകന്‍ മൌഗ്ലിയെ വെല്ലുന്ന വേഗത്തില്‍ ചാടിക്കയറി‍, മരവള്ളികളില്‍ ഊഞ്ഞാലാടിയും, സായാഹ്നങ്ങളില്‍ കളിക്കണ്ടത്തിന്റെ പടിഞ്ഞാറെക്കോണില്‍ കുത്തിയിട്ടുള്ള വലിയ മീന്‍കുളത്തില്‍നിന്നും എത്ര വിരുതന്മാരായ മീനുകളേയും നിമിഷാര്‍ദ്‍ധവേഗത്തില്‍ ചൂണ്ടയിലാക്കിയും, എന്നെ വിസ്മയപ്പെടുത്തിയ എന്റെ ആദ്യത്തേ ഹീറോ!!

ഒരു കൊയ്ത്ത് കാലത്താണ് രാധയെ ഞാന്‍ ആദ്യമായി കാ‍ണുന്നത്. ഞങ്ങളുടെ പാടത്തും, പറമ്പിലും കൃഷിപ്പണിക്കായ് വന്നിരുന്ന അയ്യപ്പന്‍ ചേട്ടന്റെയും, ഗോമതി ചേച്ചിയുടേയും ഇളയ മകന്‍. ചേറുപുരണ്ട ഒരു മുറിത്തോര്‍ത്തുമുടുത്ത്, അവന്റെ അച്ഛനും, അമ്മയും കെട്ടിവെച്ച കറ്റയ്ക്കു താഴെ ഒരു കാവല്‍ക്കാരനെപ്പോലെ നിന്നിരുന്ന ആ കറുത്ത ചെക്കനോട് എന്തോ ഒരു ഇഷ്ടം. വേനലവധി കഴിഞ്ഞ് ശങ്കരവിലാസം ഹൈസ്കൂളിലെ നാലാം ക്ലാസ്സില്‍ ഞാന്‍ ചേര്‍ന്നപ്പോള്‍ അതേ ക്ലാസ്സില്‍ രാധയും. പിന്നീട് എന്നും സ്കൂളിലേക്ക് ഒരുമിച്ചുള്ള യാത്രകള്‍, അങ്ങനെ ഇണക്കങ്ങളും, പിണക്കങ്ങളും, കളിയും, ചിരിയുമായി രസകരമായ കുറേ നാളുകള്‍.

ഉച്ചയ്ക്ക് വീട്ടില്‍ നിന്നും അമ്മ തന്നുവിടാറുള്ള, വാട്ടിയ വാഴയിലയുടെ കൊതിപ്പിക്കുന്ന മണമുള്ള എന്റെ പൊതിച്ചൊറില്‍നിന്നും മുളക് ചുട്ടരച്ച ചമ്മന്തിയുടേയും, കണ്ണിമാങ്ങാ അച്ചാറിന്റെയും, പൊരിച്ച കോഴിമുട്ടയുടേയും (കോഴിയല്ല) ഒരു വിഹിതം, സ്കൂളില്‍നിന്നും അവനുകിട്ടുന്ന ഉച്ചകഞ്ഞിപ്പാത്രത്തിലേക്കു നല്‍കുമ്പോള്‍, നിഷ്കളങ്കമായ അസൂയയോടെ അവന്‍ പറയും “എന്തോരം കറികളാ നിന്റെയമ്മയുണ്ടാക്കുന്നത്.” (പട്ടിണി നിറഞ്ഞ ഒരു ബാല്യമായിരുന്നു രാധയ്ക്കുണ്ടായിരുന്നതെന്ന് മനസ്സിലാക്കാ‍നുള്ള ബുദ്ധി അന്നെന്റെ കുഞ്ഞ് മനസ്സിനുണ്ടായിരുന്നില്ല.)

പിന്നീട് സ്കൂള്‍ യുവജനോത്സവത്തില്‍ ആദ്യമായി എനിക്ക്, കഥയെഴുത്തിനും, പദ്യപാരായണത്തിനും ഒന്നാം സമ്മാനം കിട്ടിയപ്പോള്‍, സ്കൂളരികിലുള്ള, ഖാദറിന്റെ പീടികയില്‍ നിന്നും 50 പൈസക്കു വാങ്ങിയ മഞ്ഞനിറമുള്ള ഐസ്സുമുട്ടായി സമ്മാനമായിത്തന്ന് “നീയൊരു നല്ല കഥയെഴുത്തുകാരനാവണമെന്ന്“ പറഞ്ഞ് ആദ്യമായ് എന്നെ പ്രോത്സാഹിപ്പിച്ച രാധ.

8ബി യിലെ കൊച്ചുസുന്ദരി, ലക്ഷ്മിഗോപിദാസിന്റെ കടക്കണ്ണിലെ അനുരാഗം നിറച്ച കള്ളനോട്ടം ഈയുള്ളവനെക്കാണുമ്പോള്‍ പതിവില്ലാതെ വര്‍ധിച്ചു വരുന്നതിനു പിന്നിലെ രഹസ്യം. ”അവള്‍ക്ക് മറ്റേ സൂക്കേടിന്റെ ആരംഭമാ അളിയാ” എന്ന ഒറ്റനാടന്‍ വാക്കിന്റെ പ്രയോഗത്താല്‍ എന്നില്‍ ഉറങ്ങിക്കിടന്ന മൂകാനുരാഗിയെ ഉണര്‍ത്തി, പിന്നിട് സ്കൂളിലെ അറിയപ്പെടുന്ന ഒരു പ്രണയകഥയിലെ നായകനായ് എന്നെ മാറ്റിയതും എന്റെ രാധ.

സ്കുളിലെ പ്രണയകഥ, നാട്ടിലും, വീട്ടിലും പാട്ടാക്കി, അച്ഛന്റെ കയ്യില്‍നിന്നും എനിക്കു പൊതിരെ തല്ലുവാങ്ങിത്തന്ന ഞങ്ങളുടെ അങ്ങേവീട്ടിലെ പപ്പരാസി മോഹനന്‍ ചേട്ടന്‍, ഒരു ഓണക്കലരാത്രിയില്‍ അടിച്ച് കോണ്‍തെറ്റി ഉടുമുണ്ട്ഴിഞ്ഞു നിലതെറ്റി വീണുപോയ ആ നാനൊസെക്കന്റില്‍, മറ്റാരുമറിയതെ, കരിന്‍പാറപോലും ലജ്ജിച്ച് പോകുന്ന പരുപരുത്തതായ ആ പുറത്ത്, ചൂട് മൂത്രം ആവോളം വിസര്‍ജ്ജിച്ച് പ്രതികാര സംതൃപ്തിയടഞ്ഞ് എന്റെബുദ്ധിക്ക് പിന്നിലും രാധ. പഠിച്ച് മിടുക്കനായി, ഒരു ജോലിവാങ്ങി തന്റെ വീട്ടിലെ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അറുതി വരുത്തണമെന്നാഗ്രഹിച്ച രാധ. പഠിത്തം മുടങ്ങാതിരിക്കാനായ്, വീടുകള്‍ തോറും പത്രവിതരണത്തിനായ് പോയ രാധ.

ഒരു സ്കൂള്‍ കാലം കൂടി വിട പറഞ്ഞു. പത്താം ക്ലാസിലെ പരീക്ഷയും കഴിഞ്ഞുള്ള വേനലവധി. റിസള്‍ട്ടിനായി കാത്തിരുന്ന ഞാനും, രാധയും. ഒരു കുടുബത്തിന്റെ മുഴുവന്‍ ആശയും, സ്വപ്നവും ആയിരുന്നു രാധയുടെ വിജയം. പുറത്ത് മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു. മൂന്ന് നാലു ദിവസമായി തുടങ്ങീട്ട്. അറബിക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം. പുറത്ത്, പാടവും, തോടും, ആറുമെല്ലാം കരകവിഞ്ഞൊഴുകുന്നു. രാധയെ കണ്ടിട്ട് രണ്ട് മൂന്ന് ദിവസമാകുന്നു. മഴകൊണ്ടാവാം. എനിക്കാണ് എങ്കില്‍ ഒരു പനിയുടെ ആരംഭവും. ഉച്ചകഴിഞ്ഞ് മൂന്ന് മണീയെങ്കിലും ആയിട്ടുണ്ടാവും. അമ്മയുടെ വിളീകേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. “എടാ നമ്മുടെ രാധയെ കരിങ്ങാലിപ്പുഞ്ചയിലെ വെള്ളത്തില്‍ വീണ് കാണാതായെന്ന്. പിണ്ടിചങ്ങാടം കെട്ടുപൊട്ടി മറിഞ്ഞൂന്നാ കേള്‍ക്കണെ........” നിന്നിടം താണുപോകുന്ന പോലെ തോന്നി എനിക്ക്. അചച്ന്റെ പഴയ ബി എസ് എ സൈക്കിളില്‍ അവിടേക്കു പായുകയായിരുന്നു. പുഞ്ചയിലെ തോണ്ടുകണ്ടത്തിന്റെ കരയില്‍ അനേകം ആളുകള്‍ കൂടിയിരിക്കുന്നു. അവിടെ ഫയര്‍ഫോഴ്സിലെ മുങ്ങല്‍ വിദ്ഗധര്‍ അവന്റെ ശരീരത്തിനു വേണ്ടിത്തിരയുന്നു. ശരീരം ആകെ തളരുന്നതുപോലെ തോന്നി എനിക്ക്. അരമണിക്കുറിനു ശേഷം, തപ്പിയെടുത്ത അവന്റെ മരവിച്ച് ശരീരവുമായി ഫയര്‍ഫോഴസിന്റെ വെള്ളം. ഒന്നേ നോക്കിയുള്ളു......... പിന്നെ ഒന്നും ഓര്‍മ്മയില്ല......... പിറ്റേന്ന് രാധയെ തെക്കേ പറമ്പിലേക്കെടുക്കുമ്പോള്‍, ഞാനാ പാടവരമ്പത്തായിരുന്നു... ഞങ്ങളാദ്യമായ് കണ്ടുമുട്ടിയ, കഥകള്‍ കൈമാറിയ പാടത്ത്... ഇനി ഒരിക്കലും തിരിച്ചുവരാത്ത രാധയെ ഓര്‍ത്തുകൊണ്ട്.
ഒരു കഥയെഴുത്തകാരനാവണമെന്ന് എന്നെ കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തിയ എന്റെ രാധയുടെ ഓര്‍മ്മക്ക് മുന്‍പില്‍ എന്റെ ഈ ആദ്യാക്ഷരങ്ങള്‍ സമര്‍പ്പിക്കുന്നു.
ഏവര്‍ക്കും നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്.....
നിരഞ്ജന്‍