Wednesday, September 24, 2008

കെട്ടുമുറുക്ക്

പ്രവാ‍സിയുടെ കുപ്പായം എടുത്തണിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെയായി.

അന്ന് ജുണിലെ ഒരു മഴയുള്ള രാത്രിയില്‍ ഏറെ പ്രതീക്ഷയുമായി തിരുഅനന്ദപുരിയില്‍ നിന്നും, നമ്മുടെ ദേശീയവാഹനമായ എയര്‍ ഇന്ത്യയുടെ ഒരു ചക്കടാവണ്ടിയില്‍ സൌദിഅറേബ്യയുടെ തലസ്താനമായ റിയാദിലേക്കു ആദ്യമായി യാത്ര ചെയ്യുമ്പോള്‍, കൈയ്യില്‍ ആകെയുണ്ടായിരുന്നത് കുറേവസ്ത്രങ്ങളും ‍, അക്കാഡമിക്ക് യോഗ്യതയായി എം. എ മലായാളത്തിലെ ഒരു രണ്ടാംക്ലാസ്സു സര്‍ട്ടിഫിക്കറ്റും, അല്‍പ്പം കമ്പ്യുട്ടര്‍ പരിജ്ഞാനവും മാത്രം!

വേനല്‍ മഴപോലെ, വല്ലപ്പോഴും മാത്രം നമ്മുടെ കേരള സര്‍ക്കാര്‍ കനിഞ്ഞു നല്‍കുന്ന തൊഴിലില്ലായ്മ വേതനവും കൈപ്പറ്റി , കണ്ണില്‍കണ്ട പി.എസ്.സി പരീക്ഷകളിലെല്ലാം തുടര്‍ച്ചയായി പരാജയവും ഏറ്റുവാങ്ങി, നാട്ടിലെ അറിയപ്പെടുന്ന സമാന്തരവിദ്യാഭ്യാസ സ്ഥാപനമായ, കെ.കെ. കുമാരന്‍‌ ‍മാഷിന്റെ ശങ്കേഴ്സ് കോളേജിലെ പ്രധാന ഭാഷാ‍അധ്യാപകനായി വിലസുന്ന കാലം. സമയത്തിന് മാത്രം യാതൊരു പഞ്ഞവുമില്ലാതിരുന്നതിനാല്‍- കൂട്ടത്തില്‍ അല്‍പ്പം സംഗീതവും, സാഹിത്യവും മേമ്പൊടിക്ക് ഇത്തിരി രാഷ്ട്രിയവും ഒക്കെ കൂട്ടികലര്‍ത്തി കൂട്ടുകാരുടെയും, എന്റെ വിദ്യാര്‍ത്ഥികളുടേയും ഇടയില്‍ ആകെയൊരു “താരപരിവേഷവും“, നാട്ടില്‍ അറിയപ്പെടൂന്ന ഒരു റിട്ടയര്‍ഡ് സ്കൂള്‍ മാഷായ അച്ഛന്റെ അന്തസ്സിനു കളങ്കം വരുത്തിവക്കാമായിരുന്ന അല്‍പ്പസ്വല്‍പ്പം “പ്രായത്തിന്റെ കുസൃതികളുമൊക്കെയായി“ ഈയുള്ളവന്‍ കഴിഞ്ഞുപോരുന്ന കാലത്ത് - “ഇങ്ങനെയൊക്കെയങ്ങ് കഴിഞ്ഞുകൂടിയാല്‍ മതിയോ കുട്ടാ.“ എന്നുള്ള നാട്ടുകാരുടെ തുടര്‍ച്ചയായ “സ്നേഹാന്വേഷണങ്ങളും”, “അവന്റെ ഒരു എം.എ യും, പാപ്പീരും“ ഇവനെ മാത്രമേ -നിനക്കു പ്രേമിക്കാന്‍ കിട്ടിയുള്ളോ...?“എന്ന പ്രണയിനിയുടെ അമ്മയുടെ മുള്ളുവച്ച ചോദ്യങ്ങളും, “എങ്ങനെയെങ്കിലും പോയി ഒന്നു രക്ഷപെടൂ ചേട്ടാ, അല്ലെങ്കില്‍ മറ്റാരെങ്കിലും എന്നെ പതിച്ചോണ്ട് പോകും“ എന്നുള്ള കാമുകീവിലാപവും, വീട്ടില്‍ പതിവായി എനിക്കുവേണ്ടി കൂടാറുണ്ടായിരുന്ന ഒരു “അഡ്വൈസറി കമ്മറ്റിയുടെ“ അവസാന എപ്പിസോഡില്‍‍, പ്രസിദ്ധമായ “ഓച്ചിറക്കാളയെ” എന്റെപേരിനൊടുപമിച്ചുകൊണ്ട് ഒരിക്കല്‍ അച്ഛന്‍‌ നടത്തിയ ഒരു പരസ്യപ്രസ്താവനയില്‍ മനംനൊന്ത് “എന്റെ കണ്ണടയുന്നതിനുമുന്‍പെങ്കിലും ഒന്നുനന്നാവുമോ നീയ്.“ എന്ന് പെറ്റമ്മയുടെ കണ്ണിലെ ദൈന്യതനിറഞ്ഞ നോട്ടത്തോടുകൂടിയ ചോദ്യവും- എല്ലാംകൂടി എങ്ങനെയെങ്കിലും നാടുവിടണം എന്നുള്ള ചിന്ത എന്നില്‍ അനുദിനം വളര്‍ന്നുകൊണ്ടേയിരുന്നു.

അവസാ‍നം വേഴാമ്പല്‍ കാത്തിരുന്ന മഴ പോലെ റിയാദില്‍ നിന്നും കരുണേട്ടന്റെ വിളിവന്നു. “നിനക്ക് വേണ്ടിയൊരു വിസാ ഞാന്‍ വാങ്ങിച്ചിട്ടുണ്ട്. ഇങ്ങുവന്നിട്ടൊരു ജോലി കണ്ടെത്തണം. എത്രയും പെട്ടന്ന് കയറിവരാന്‍ നോക്കുക”. കരുണേട്ടന്‍ എന്നാല്‍ സ്വന്തം ഏട്ടന്‍. പഠിക്കുന്നകാലത്ത് സ്കൂളിലെ ഒന്നാമനും, സല്‍സ്വഭാവിയുരുന്ന കരുണ്‍.ജെ. പിള്ള എന്ന ഏട്ടന്‍ എനിക്കെന്നും ഒരു “ഭീഷിണിയായിരുന്നു“!! കാരണം , പഠിപ്പിലും, സ്വഭാവത്തിലും ഏട്ടന്റെ നേര്‍വിപരീതമായിരുന്ന ഞാന്‍ -അദ്ദേഹത്തോട് ഉപമിക്കപ്പെട്ട്, സാറുമ്മാരില്‍ നിന്നും വാങ്ങിക്കൂട്ടിയ തല്ലിനും“സല്‍പ്പേരിനും” യാതൊരു കൈയ്യും കണക്കുമുണ്ടായിരുന്നില്ല.!! സ്കൂളിലെ ഒരു വിനോദയാത്രയുടെ തലേരാത്രിയില്‍, സമീപത്തെ കണ്ടത്തില്‍നിന്നും പിടികൂടി തല്ലിക്കൊന്ന ഒരുവമ്പന്‍ പുളവനെ, വെറുതേ ഒരു തമാശയുടെ പേരില്‍ സ്കൂ‍ളിലെ കൊടിമരത്തില്‍ കെട്ടിത്തുക്കിയ എന്നെ കൈയ്യോടെപിടികൂടിയ ശിക്ഷിച്ച സ്കൂളിലെ പ്രധാന അധ്യാപകനും, “തിരന്ദ്വോരം” സ്വദേശിയുമായിരുന്ന സി.ജെ. കുട്ടപ്പന്‍ സാറ് " നീ യെന്ത്‌ര് കാട്ടീത്.. ആടുകിടക്കുന്നിടത്ത് ഒര് പൂടയെങ്കിലും കാണെണ്ടേടെയ്”?ആ പയ്യനെ കണ്ട് പടിക്കടേയ്.. എന്ന് “തിര്വന്ദരം” സ്റ്റൈലില്‍ ചോദിച്ച് , ഏട്ടന്റെയും കൂട്ടുകാരുടേയും മുന്നില്‍ വച്ച് എന്നെ ഒന്നു “ആക്കിയപ്പോളും, എന്നെ ചുമ്മാ തല്ലണ്ടാ സാറെ. ഞാന്‍ നന്നാവില്ല എന്നമട്ടില്‍ ഞാനും ഒന്നു തിരിഞ്ഞു നിന്നു. കരുണേട്ടനെക്കുറിച്ചെഴുതി ഞാന്‍ കാടുകയറിയോ? ശരി. ഇനി തിരിച്ച് വരാം. എന്തായാലും തീരുമാനിച്ചു പ്രവാസിയാവുക തന്നെ. അങ്ങനെ കരുണേട്ടന്റെ കരുണയില്‍ ഞാനും ഒരു എന്‍. ആര്‍. ഐ ആയി .

ബത്തയിലുള്ള ഒരിടത്തരം ഫ്ലാറ്റില്‍ കരുണേട്ടന്റെയും കുടുംബത്തൊടുമൊപ്പം താമസം. ഒരുമാസത്തേ റെസിഡന്റ് പെര്‍മിറ്റിനുള്ള കാത്തിരിപ്പിനു ശേഷം, ഒരു ജോലിക്കായി പല കമ്പനികളിലായി കയറിയിറങ്ങിയ നാളുകള്‍.നിരാശയില്‍ മുങ്ങിയ ദിനരാത്രങ്ങള്‍. നാട്ടിലേക്കു തന്നെതിരിച്ച് പോയാലൊ എന്നുകരുതിയ ഒട്ടേറെ നിമിഷങ്ങള്‍. പക്ഷെ എങ്ങനെ???? ആരേയുംനിരാശപ്പെടുത്താന്‍ വയ്യാ. തങ്ങളുടെ മകന്‍ നല്ലനിലയില്‍തിരിച്ച് വരുന്നത് കാണാന്‍ പ്രാര്‍തഥനയോട് കാത്തിരിക്കുന്ന സ്നേഹനിധിയായ ഒരു അച്ഛനും, അമ്മയും. കരുണേട്ടനോടും കുടുംബത്തോടുള്ള തീരാകടപ്പാട്, പിന്നെ അങ്ങനെ പലതും.

ഒരിക്കല്‍ തൊഴില്‍ നേടാനായുള്ള ഒരു കൂടിക്കാഴ്ചക്കിടയില്‍ എന്റെ മലയാളം ബിരുദ സര്‍ട്ടിഫിക്കറ്റിലേക്കു നോക്കി വണ്ടറടിച്ച് “ What is this Kerala culture? Is it any trade??" എന്നു ചോദിച്ച ഒരു കമ്പനി മാനേജര്‍ സായിപ്പിനു മുന്‍പില്‍, അറിയാവുന്ന ഇംഗ്ലിഷ് പരിജ്ഞാനത്തിന്റെ അവസാന ആണിയും ഇളകിയാടി. സര്‍...."This was a....this is a.... type of ... kind of our ....#@@$ .... "എന്നൊക്കെ മൊഴിഞ്ഞ് വാക്കുകള്‍ കിട്ടാതെ വിളറി വെളുത്തു പോയ എന്റെ മുഖത്തേ ചമ്മല്‍ കണ്ടിട്ടാവും അയാള്‍ പറഞ്ഞു. It's alright ...we will inform you. എന്താണെന്നറിയില്ല. ആ ജോലിപിന്നെ കിട്ടിയില്ല!!

നീണ്ട ആറുവര്‍ഷങ്ങള്‍. അറബിപ്പൊന്നിന്റെ നാട്ടില്‍ നിന്ന് ഇന്ന് പുറകോട്ടു തിരിഞ്ഞ് നോക്കുമ്പോള്‍ നേടിയതൊരുപാട്. നഷ്ടമായത് അതിലേറെ, എന്റെ നാടിന്റെ നന്മ, സുകൃതം ,സ്നേഹം എല്ലാമെല്ലാം.

“കഴിഞ്ഞനാളിലെ വഴിയില്‍,
കൊഴിഞ്ഞപീലികള്‍ പെറുക്കി
മിനുക്കുവാന്‍, തലോടുവാന്‍
മനസ്സിലെന്തൊരു മോഹം
അതിലെത്ര സുന്ദരലിപികള്‍,
എത്ര നൊമ്പരകൃതികള്‍”. അല്ലേ?

അനുഭവങ്ങള്‍ അവസാനിക്കുന്നില്ല. ഒരുപാടുപറയാനുണ്ട് ഇനിയും.

9 comments:

ചിരിപ്പൂക്കള്‍ September 29, 2008 at 1:32 PM  

പ്രവാ‍സാത്തനിടയിലെ ഓര്‍മ്മകളില്‍നിന്നും ചില സുഖമുള്ള നൊമ്പരങ്ങളും വിശേഷങ്ങളും!

G.MANU September 29, 2008 at 6:25 PM  

മനോഹരമായ എഴുത്ത്..
നര്‍മ്മം തൂവല്പോലെ കൊള്ളുന്നു...

പെട്ടെന്ന് അടുത്തത് പ്ലീസ്......

ഷിജു September 29, 2008 at 8:57 PM  

ജി മനുച്ചേട്ടനല്ലേ ആദ്യം തേങ്ങ ഉടച്ചത്. അപ്പൊ ഗംഭീരമാകും. മനുച്ചേട്ടാ ഇതു നമ്മ സ്വന്തം ആള് താനേ ഗൌനിച്ചിടുങ്കോ....

എനിക്ക് മനസ്സിലായി. കൊള്ളാ‍ാം
ബാക്കികൂടി പോരട്ടെ.
.

Appu Adyakshari September 29, 2008 at 9:18 PM  

നിരഞ്ജാ,

ഗള്‍ഫില്‍ ജോലി അന്വേഷിച്ചു നടക്കുന്ന ഒരു മലയാളം ബി.എ കാരന്റെ വിഷമം എനിക്കറിയാം. നല്ല കാലത്ത് ഞാനവനോടും അവന്റെ അപ്പനമ്മമാരോടും പറഞ്ഞതാ ഏതെങ്കിലും ഒരു ടെക്നിക്കല്‍ പഠിത്തം പഠിക്കേ എന്ന്. കേട്ടില്ല. ഒരു ഡിഗ്രി കൈയ്യിലിരിക്കട്ടെന്നായിരുന്നു സമാധാനം. ഗള്‍ഫില്‍ ജോലി തേടിവരുമ്പോഴല്ലേ പ്രയാസങ്ങള്‍ മനസ്സിലാവുക.

ചിരിപ്പൂക്കള്‍ September 29, 2008 at 10:14 PM  

ബ്ലോഗ് ലോഗത്തിലെ ഈ നവജാതശിശുവിന് പൊന്നും,തേനും അരച്ച് നാവില്‍ തന്ന എല്ലാ തലത്തൊട്ടപ്പന്‍മാര്‍ക്കും ഈ എളിയവന്ടെ പ്രണാമം.

തേങ്ങയുടച്ച് അനുഗ്രഹിച്ച ജി മനുവേട്ടനു പ്രത്യേക നന്ദി. ഞാനും ഒരാരാധകനാ.

ഷിജു September 30, 2008 at 3:00 PM  

അപ്പുച്ചേട്ടന്‍ ഏതവന്റെ കാര്യമാ പറഞ്ഞത്????

ശ്രീ September 30, 2008 at 3:41 PM  

അനുഭവങ്ങള്‍ മോശമല്ലല്ലോ മാഷേ...

ഇനിയും എഴുതുക.

ചിരിപ്പൂക്കള്‍ September 30, 2008 at 11:04 PM  

മാന്യ ശ്രീ‍,ഷിജു, അപ്പുവേട്ടന്‍

നന്ദി.

Dileep October 7, 2008 at 5:29 PM  

ഈ പോസ്റ്റും നന്നയിരുന്നു “കഴിഞ്ഞനാളിലെ വഴിയില്‍, കൊഴിഞ്ഞപീലികള്‍ പെറുക്കി മിനുക്കുവാന്‍, തലോടുവാന്‍ മനസ്സിലെന്തൊരു മോഹം അതിലെത്ര സുന്ദരലിപികള്‍, എത്ര നൊമ്പരകൃതികള്‍”. ആവരികളില്‍ നഷ്ട്ടമായ പ്രണ്യത്തിന്റെ സൂചന കഥയില്‍ ചോദ്യമില്ലാ yes or no അറിയാന്‍ ആഗ്രഹം
“എങ്ങനെയെങ്കിലും പോയി ഒന്നു രക്ഷപെടൂ ചേട്ടാ, അല്ലെങ്കില്‍ മറ്റാരെങ്കിലും എന്നെ പതിച്ചോണ്ട് പോകും“ പതിച്ചോണ്ടു പോകും എന്നുതന്നെയാണോ അതോ അക്ഷരപിശാശോ?
love your way of writing...dileep