Tuesday, September 9, 2008

എന്റെ രാധ

ഒരു മഴക്കാലത്തിനപ്പുറം കാല്‍പ്പാടുകളൊന്നും ശേഷിക്കില്ലെങ്കിലും, മനസ്സിന്റെ കോണിലെവിടെയോ രാധയെ ഞാന്‍ ഓര്‍ക്കുന്നു. ബാല്യത്തിന്റെ കുസൃതികള്‍ കൌമാരത്തിന്റെ കുതൂഹലങ്ങളിലേക്ക് വഴിമാറി ഒഴുകിയപ്പോഴും ഞങ്ങള്‍ ഒന്നായിരുന്നു. രാധ എന്നെഴുതിയപ്പോള്‍ തെറ്റിദ്ധരിച്ചോ? അതെ എന്റെ രാധ. ബാല്യകാല സഖിയല്ല, ബാല്യകാല സുഹൃത്ത് രാധാകൃഷ്ണന്‍‍.

കല്യാണം കഴിഞ്ഞ ചേച്ചിമാര്‍ മാത്രം എന്തു കൊണ്ടു പ്രസവിക്കുന്നു എന്ന അന്നത്തെ എന്റെ എറ്റവും വലിയ ജിജ്ഞാസയുടെ മറുപടിയായി “പ്രജനനം” എന്ന വലിയ സിദ്ധാന്തത്തിന്റെ “Techinique"ആദ്യമായി എനിക്കു പറഞ്ഞു തന്ന എന്റെ ആദ്യത്തെ ബയോളജി അദ്ധ്യാപകന്‍. കാരാണിപുഞ്ചയില്‍ വിതനെല്ല് തിന്നാനെത്തുന്ന കിളികളെയോടിക്കാന്‍ എന്നൊടൊപ്പം പടക്കവും, പാട്ടയുമായ് പകലന്തിയൊളം കൂട്ടിരുന്ന ചങ്ങാതി.

മാനംമുട്ടെ വ‍ളര്‍ന്ന എതു മരത്തിലും, ജങ്കിള്‍ ബുക്കിലെ നായകന്‍ മൌഗ്ലിയെ വെല്ലുന്ന വേഗത്തില്‍ ചാടിക്കയറി‍, മരവള്ളികളില്‍ ഊഞ്ഞാലാടിയും, സായാഹ്നങ്ങളില്‍ കളിക്കണ്ടത്തിന്റെ പടിഞ്ഞാറെക്കോണില്‍ കുത്തിയിട്ടുള്ള വലിയ മീന്‍കുളത്തില്‍നിന്നും എത്ര വിരുതന്മാരായ മീനുകളേയും നിമിഷാര്‍ദ്‍ധവേഗത്തില്‍ ചൂണ്ടയിലാക്കിയും, എന്നെ വിസ്മയപ്പെടുത്തിയ എന്റെ ആദ്യത്തേ ഹീറോ!!

ഒരു കൊയ്ത്ത് കാലത്താണ് രാധയെ ഞാന്‍ ആദ്യമായി കാ‍ണുന്നത്. ഞങ്ങളുടെ പാടത്തും, പറമ്പിലും കൃഷിപ്പണിക്കായ് വന്നിരുന്ന അയ്യപ്പന്‍ ചേട്ടന്റെയും, ഗോമതി ചേച്ചിയുടേയും ഇളയ മകന്‍. ചേറുപുരണ്ട ഒരു മുറിത്തോര്‍ത്തുമുടുത്ത്, അവന്റെ അച്ഛനും, അമ്മയും കെട്ടിവെച്ച കറ്റയ്ക്കു താഴെ ഒരു കാവല്‍ക്കാരനെപ്പോലെ നിന്നിരുന്ന ആ കറുത്ത ചെക്കനോട് എന്തോ ഒരു ഇഷ്ടം. വേനലവധി കഴിഞ്ഞ് ശങ്കരവിലാസം ഹൈസ്കൂളിലെ നാലാം ക്ലാസ്സില്‍ ഞാന്‍ ചേര്‍ന്നപ്പോള്‍ അതേ ക്ലാസ്സില്‍ രാധയും. പിന്നീട് എന്നും സ്കൂളിലേക്ക് ഒരുമിച്ചുള്ള യാത്രകള്‍, അങ്ങനെ ഇണക്കങ്ങളും, പിണക്കങ്ങളും, കളിയും, ചിരിയുമായി രസകരമായ കുറേ നാളുകള്‍.

ഉച്ചയ്ക്ക് വീട്ടില്‍ നിന്നും അമ്മ തന്നുവിടാറുള്ള, വാട്ടിയ വാഴയിലയുടെ കൊതിപ്പിക്കുന്ന മണമുള്ള എന്റെ പൊതിച്ചൊറില്‍നിന്നും മുളക് ചുട്ടരച്ച ചമ്മന്തിയുടേയും, കണ്ണിമാങ്ങാ അച്ചാറിന്റെയും, പൊരിച്ച കോഴിമുട്ടയുടേയും (കോഴിയല്ല) ഒരു വിഹിതം, സ്കൂളില്‍നിന്നും അവനുകിട്ടുന്ന ഉച്ചകഞ്ഞിപ്പാത്രത്തിലേക്കു നല്‍കുമ്പോള്‍, നിഷ്കളങ്കമായ അസൂയയോടെ അവന്‍ പറയും “എന്തോരം കറികളാ നിന്റെയമ്മയുണ്ടാക്കുന്നത്.” (പട്ടിണി നിറഞ്ഞ ഒരു ബാല്യമായിരുന്നു രാധയ്ക്കുണ്ടായിരുന്നതെന്ന് മനസ്സിലാക്കാ‍നുള്ള ബുദ്ധി അന്നെന്റെ കുഞ്ഞ് മനസ്സിനുണ്ടായിരുന്നില്ല.)

പിന്നീട് സ്കൂള്‍ യുവജനോത്സവത്തില്‍ ആദ്യമായി എനിക്ക്, കഥയെഴുത്തിനും, പദ്യപാരായണത്തിനും ഒന്നാം സമ്മാനം കിട്ടിയപ്പോള്‍, സ്കൂളരികിലുള്ള, ഖാദറിന്റെ പീടികയില്‍ നിന്നും 50 പൈസക്കു വാങ്ങിയ മഞ്ഞനിറമുള്ള ഐസ്സുമുട്ടായി സമ്മാനമായിത്തന്ന് “നീയൊരു നല്ല കഥയെഴുത്തുകാരനാവണമെന്ന്“ പറഞ്ഞ് ആദ്യമായ് എന്നെ പ്രോത്സാഹിപ്പിച്ച രാധ.

8ബി യിലെ കൊച്ചുസുന്ദരി, ലക്ഷ്മിഗോപിദാസിന്റെ കടക്കണ്ണിലെ അനുരാഗം നിറച്ച കള്ളനോട്ടം ഈയുള്ളവനെക്കാണുമ്പോള്‍ പതിവില്ലാതെ വര്‍ധിച്ചു വരുന്നതിനു പിന്നിലെ രഹസ്യം. ”അവള്‍ക്ക് മറ്റേ സൂക്കേടിന്റെ ആരംഭമാ അളിയാ” എന്ന ഒറ്റനാടന്‍ വാക്കിന്റെ പ്രയോഗത്താല്‍ എന്നില്‍ ഉറങ്ങിക്കിടന്ന മൂകാനുരാഗിയെ ഉണര്‍ത്തി, പിന്നിട് സ്കൂളിലെ അറിയപ്പെടുന്ന ഒരു പ്രണയകഥയിലെ നായകനായ് എന്നെ മാറ്റിയതും എന്റെ രാധ.

സ്കുളിലെ പ്രണയകഥ, നാട്ടിലും, വീട്ടിലും പാട്ടാക്കി, അച്ഛന്റെ കയ്യില്‍നിന്നും എനിക്കു പൊതിരെ തല്ലുവാങ്ങിത്തന്ന ഞങ്ങളുടെ അങ്ങേവീട്ടിലെ പപ്പരാസി മോഹനന്‍ ചേട്ടന്‍, ഒരു ഓണക്കലരാത്രിയില്‍ അടിച്ച് കോണ്‍തെറ്റി ഉടുമുണ്ട്ഴിഞ്ഞു നിലതെറ്റി വീണുപോയ ആ നാനൊസെക്കന്റില്‍, മറ്റാരുമറിയതെ, കരിന്‍പാറപോലും ലജ്ജിച്ച് പോകുന്ന പരുപരുത്തതായ ആ പുറത്ത്, ചൂട് മൂത്രം ആവോളം വിസര്‍ജ്ജിച്ച് പ്രതികാര സംതൃപ്തിയടഞ്ഞ് എന്റെബുദ്ധിക്ക് പിന്നിലും രാധ. പഠിച്ച് മിടുക്കനായി, ഒരു ജോലിവാങ്ങി തന്റെ വീട്ടിലെ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അറുതി വരുത്തണമെന്നാഗ്രഹിച്ച രാധ. പഠിത്തം മുടങ്ങാതിരിക്കാനായ്, വീടുകള്‍ തോറും പത്രവിതരണത്തിനായ് പോയ രാധ.

ഒരു സ്കൂള്‍ കാലം കൂടി വിട പറഞ്ഞു. പത്താം ക്ലാസിലെ പരീക്ഷയും കഴിഞ്ഞുള്ള വേനലവധി. റിസള്‍ട്ടിനായി കാത്തിരുന്ന ഞാനും, രാധയും. ഒരു കുടുബത്തിന്റെ മുഴുവന്‍ ആശയും, സ്വപ്നവും ആയിരുന്നു രാധയുടെ വിജയം. പുറത്ത് മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു. മൂന്ന് നാലു ദിവസമായി തുടങ്ങീട്ട്. അറബിക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം. പുറത്ത്, പാടവും, തോടും, ആറുമെല്ലാം കരകവിഞ്ഞൊഴുകുന്നു. രാധയെ കണ്ടിട്ട് രണ്ട് മൂന്ന് ദിവസമാകുന്നു. മഴകൊണ്ടാവാം. എനിക്കാണ് എങ്കില്‍ ഒരു പനിയുടെ ആരംഭവും. ഉച്ചകഴിഞ്ഞ് മൂന്ന് മണീയെങ്കിലും ആയിട്ടുണ്ടാവും. അമ്മയുടെ വിളീകേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. “എടാ നമ്മുടെ രാധയെ കരിങ്ങാലിപ്പുഞ്ചയിലെ വെള്ളത്തില്‍ വീണ് കാണാതായെന്ന്. പിണ്ടിചങ്ങാടം കെട്ടുപൊട്ടി മറിഞ്ഞൂന്നാ കേള്‍ക്കണെ........” നിന്നിടം താണുപോകുന്ന പോലെ തോന്നി എനിക്ക്. അചച്ന്റെ പഴയ ബി എസ് എ സൈക്കിളില്‍ അവിടേക്കു പായുകയായിരുന്നു. പുഞ്ചയിലെ തോണ്ടുകണ്ടത്തിന്റെ കരയില്‍ അനേകം ആളുകള്‍ കൂടിയിരിക്കുന്നു. അവിടെ ഫയര്‍ഫോഴ്സിലെ മുങ്ങല്‍ വിദ്ഗധര്‍ അവന്റെ ശരീരത്തിനു വേണ്ടിത്തിരയുന്നു. ശരീരം ആകെ തളരുന്നതുപോലെ തോന്നി എനിക്ക്. അരമണിക്കുറിനു ശേഷം, തപ്പിയെടുത്ത അവന്റെ മരവിച്ച് ശരീരവുമായി ഫയര്‍ഫോഴസിന്റെ വെള്ളം. ഒന്നേ നോക്കിയുള്ളു......... പിന്നെ ഒന്നും ഓര്‍മ്മയില്ല......... പിറ്റേന്ന് രാധയെ തെക്കേ പറമ്പിലേക്കെടുക്കുമ്പോള്‍, ഞാനാ പാടവരമ്പത്തായിരുന്നു... ഞങ്ങളാദ്യമായ് കണ്ടുമുട്ടിയ, കഥകള്‍ കൈമാറിയ പാടത്ത്... ഇനി ഒരിക്കലും തിരിച്ചുവരാത്ത രാധയെ ഓര്‍ത്തുകൊണ്ട്.
ഒരു കഥയെഴുത്തകാരനാവണമെന്ന് എന്നെ കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തിയ എന്റെ രാധയുടെ ഓര്‍മ്മക്ക് മുന്‍പില്‍ എന്റെ ഈ ആദ്യാക്ഷരങ്ങള്‍ സമര്‍പ്പിക്കുന്നു.
ഏവര്‍ക്കും നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്.....
നിരഞ്ജന്‍

18 comments:

ചിരിപ്പൂക്കള്‍ September 9, 2008 at 12:46 PM  

?കല്യാണം കഴിഞ്ഞ ചേച്ചിമാര്‍ മാത്രം എന്തു കൊണ്ടു പ്രസവിക്കുന്നു എന്ന അന്നത്തെ എന്റെ എറ്റവും വലിയ ജിജ്ഞാസയുടെ മറുപടിയായി “പ്രജനനം” എന്ന വലിയ സിദ്ധാന്തത്തിന്റെ “Techinique"ആദ്യമായി എനിക്കു പറഞ്ഞു തന്ന എന്റെ ആദ്യത്തെ ബയോളജി അദ്ധ്യാപകന്‍.“

ഒരു കഥയെഴുത്തകാരനാവണമെന്ന് എന്നെ കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തിയ എന്റെ രാധയുടെ ഓര്‍മ്മക്ക് മുന്‍പില്‍ എന്റെ ഈ ആദ്യാക്ഷരങ്ങള്‍ സമര്‍പ്പിക്കുന്നു.

അടൂരാന്‍ September 15, 2008 at 1:00 PM  

കൊള്ളാം... തുടരുക!

Appu Adyakshari September 16, 2008 at 8:53 AM  

നിരഞ്ജന്‍, വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍.. വളരെ കുറഞ്ഞ വാക്കുകളില്‍ ആ സൌഹൃദത്തിന്റെ ആഴം ഭംഗിയായി വിവരിച്ചിട്ടുണ്ട്. നല്ല എഴുത്തും.

““എന്തോരം കറികളാ നിന്റെയമ്മയുണ്ടാക്കുന്നത്.” എന്ന ഒറ്റ വാചകത്തില്‍ കുട്ടിത്തത്തിന്റെ നിഷ്കളങ്കത നിറഞ്ഞുനില്‍ക്കുന്നു.. ഇനിയും എഴുതൂ. എഴുതി തഴക്കം വന്ന കൈകളാണിവയെന്ന് വായിക്കൂമ്പോഴേ അറിയാം. അഭിനന്ദനങ്ങള്‍!

ചിരിപ്പൂക്കള്‍ September 21, 2008 at 10:22 PM  

ന ന്ദി. അപ്പുവേട്ടനും, അടൂ‍രാനും. ഇതു മനസിന്റെ അടിത്തട്ടില്‍ നിന്നും.

നിരഞ്ജ്ന്‍.

ശ്രീ September 22, 2008 at 9:03 AM  

രാധ ഒരു നൊമ്പരമായി മനസ്സില്‍ നിറയുന്നു... ഈ സമര്‍പ്പണം നന്നായി.

എഴുത്ത് നന്നായിട്ടുണ്ട്. തുടര്‍ന്നും എഴുതുക.

ചിരിപ്പൂക്കള്‍ September 22, 2008 at 7:18 PM  

നന്ദി ശ്രിയേട്ടാ,
ഇനിയും എഴുതാം. പണിപ്പുരയിലാണ്.
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നല്ല മനസിനു നന്ദി.

ഒരുപട് സന്തോഷത്തോടെ.

ഷിജു September 25, 2008 at 9:39 PM  

നിരഞ്ജന്‍,
എന്താണ് പറയേണ്ടതെന്ന് അറിയില്ല. പക്ഷെ ഒന്നറിയാം ആ മനസ്സിന്റെ വിങ്ങല്‍.

ഒന്നു ചോദിച്ചോട്ടെ??? താങ്കള്‍ ആരാണ്??
മറഞ്ഞിരിക്കുന്ന താങ്കളെ എനിക്ക് നല്ലതുപോലെ അറിയാം എന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു. അല്ല എനിക്കറിയാം,കാരണം താങ്കള്‍ ഇതില്‍ പറഞ്ഞ രാധാക്രഷ്ണനെ ഞാനും അറിയും കൂടാതെ കരിങ്ങാലിപ്പുഞ്ചയും,തോണ്ടുകണ്ടവും ഒക്കെ.
എന്തായലും ഒരുകാര്യം പറയാതിരിക്കാന്‍ വയ്യ, താങ്കളുടെ രചനാ ശൈലി വളരെ മനോഹരമായിരിക്കുന്നു. ഇനിയും തുടരുക,

ഷിജു September 25, 2008 at 9:43 PM  

എന്റെ സംശയം തീര്‍ക്കാതെ എനിക്ക് ഇനി ഉറക്കം വരത്തില്ല, താങ്കളുടെ പ്രൊഫൈല്‍ ഒന്നു അപ്പ്ഡേറ്റ് ചെയ്യൂ.എവിടെയോ ഒരു സൌദി മണം വീശുന്നുണ്ട്.ഞാന്‍ കണ്ടു പിടിച്ചോളാം.

ഷിജു September 25, 2008 at 9:45 PM  

ശ്രീ...
ഈ ആളെ കണ്ടുപിടിക്കാന്‍ ഒന്നു ഹെല്‍പ്പ് ചെയ്യൂ.
ചുമ്മാതാ ശ്രീയെട്ടാ എന്നൊക്കെ വിളിച്ചത്, എനിക്ക് തോന്നുന്നു ശ്രീയേക്കാള്‍ പ്രായമുള്ള ആള്‍ ആണെന്നു,take it as a challenge.

ചിരിപ്പൂക്കള്‍ September 28, 2008 at 10:27 PM  

shijus,
നിങ്ങളുടെ അഭിപ്രായം വളരെ രസകരമായി തോന്നുന്നു.1986 ല്‍ പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തൂ നടന്ന ഒരു സംഭവം മാത്രമാണിത്. രാധയെന്ന പേരും യഥാര്‍ഥമല്ല എന്ന് സൂചിപ്പിക്കട്ടെ. really coinsidental!!!
നന്ദി.

ഷിജു September 29, 2008 at 8:59 PM  

ഓ വരവു വെച്ചിരിക്കുന്നു..
പാലക്കാട്ട് കുഴല്‍മന്ദത്ത് കരിങ്ങാലിപ്പുഞ്ച ഉണ്ടെന്ന് അറിയില്ലായിരുന്നു, തോണ്ടുകണ്ടവും.

BS Madai October 2, 2008 at 11:43 PM  

തങ്കളുടെ വേദന വായനക്കാരിലേക്കും പടരുന്നു... നന്നായിട്ടുണ്ട്.... എല്ലാ ഭാവുകങളും..

ചിരിപ്പൂക്കള്‍ October 3, 2008 at 7:17 PM  

നന്ദി ബി.എസ്,
അഭിപ്രായങ്ങള്‍ക്ക്.

വീണ്ടൂം കാണാം.

ബോബനും മോളിയും October 4, 2008 at 8:59 AM  

ഷിജു, എഴുത്തുകാര്‍ എഴുതുമ്പോള്‍ ഇങ്ങനെയൊക്കെയുള്ള സാദൃശ്യങ്ങള്‍ വരുന്നതു സ്വാഭാവികമാണ്. ഒരേ രാഗത്തിലുള്ള പല ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരുപോലെയാണെന്നു നമുക്കു തോന്നാറില്ലേ, അതുപോലെ. അങ്ങനെ നോക്കാനാണെങ്കില്‍ ശങ്കരവിലാസം പാഠശാല എന്നൊരു സ്കൂള്‍ ഞങ്ങളുടെ നാട്ടിലും ഉണ്ട്. പക്ഷേ വീടിന്റെ അടുത്തായിരുന്നു.

ബഷീർ October 6, 2008 at 2:15 PM  

ചിരിപ്പൂക്കള്‍ക്ക്‌ പകരം കണ്ണീര്‍ പൂക്കളാണല്ലോ..

ബാല്യകാലസുഹ്ര്യത്തിന്റെ വേര്‍പാടിന്റെ ഓര്‍മ്മകള്‍ വേദനയുണര്‍ത്തുന്നതായി

ചിരിപ്പൂക്കള്‍ October 6, 2008 at 3:21 PM  

നന്ദി ബഷീറ്ക്കാ,

കരച്ചില്‍ പിന്നെ ചീരിയന്നല്ലെ?

വീണ്ടും കാ‍ണാം.

Dileep October 7, 2008 at 5:53 PM  

Yes dear I want to tell some thing, bat I don’t know what it is? After reading this mint blowing post my mood is turned up into sad. Ya your pain is also spreading into the reader’s mint രാധ ഒരു തീരാത്തവേദനയായി മനസില്‍ ഉണ്ട് അല്ലേ?

ചിരിപ്പൂക്കള്‍ October 9, 2008 at 9:40 PM  

നല്ല കമന്റ്സ് എഴുതി ഈ എളിയവനെ പ്രോത്സാഹിപ്പിക്കുന്ന ഏവര്‍ക്കും നന്ദി.